അമ്മച്ചിയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ. 72 വയസ്സായെന്ന് അന്നമ്മ; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുൽ ഗാന്ധി
|ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള രാഹുലിന്റെ യാത്രയിലാണ് സംഭവം
സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുൽ ഗാന്ധി കണ്ടത്. പിന്നെ കാർ നിർത്തി ഇരുവരോടും സംസാരിച്ചു. രാഹുൽ ഗാന്ധി തന്നെയാണ് കണ്ടുമുട്ടലിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
തനിക്ക് 72 വയസ്സായെന്ന് അന്നമ്മ പറഞ്ഞു ; തനിക്ക് 86 എന്ന് ഏലിക്കുട്ടിയും. എന്നാൽ അന്നമ്മയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. " എപ്പോഴും ഓർക്കും നേരിൽ കാണാൻ കഴിയുമോന്നു. ഇനി ഞങ്ങക്ക് മരിച്ചാലും ഒരു കൊഴപ്പവുമില്ല" - അന്നമ്മ പറഞ്ഞു. രാഹുലിനെ കെട്ടിപ്പിടിച്ച് ഇരുവരും ഫോട്ടോയെടുക്കുകയും ചെയ്തു. അമ്മ സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്നും വീഡിയോവിൽ പറയുന്നു.
സ്നേഹത്തിന് പ്രായമോ, ജാതിയോ, നിറമോ അതിരുകളോ ഇല്ലെന്നു ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും രാഹുൽ നന്ദി പറഞ്ഞു.