Kerala
ആ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല; സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്
Kerala

ആ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല; സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്

Web Desk
|
25 March 2021 5:38 AM GMT

"പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല"

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രസർക്കാറിന് അയച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന്റെ ഭാഗമായാണ് റിപ്പോർട്ട് കേന്ദ്രസർക്കാറിന് അയച്ചത്. മാതൃഭൂമി ന്യൂസാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്‌സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവർമാരുടെയും മൊഴിയെടുത്തിരുന്നു- റിപ്പോർട്ട് വ്യക്തമാക്കി.

സത്യം പുറത്തു വന്നെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. വേട്ടയാടിയവർക്ക് മനഃസാക്ഷിക്കുത്തുണ്ടാകും. അരെയും പേരെടുത്തു പറയുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം എടുത്ത കേസ് തന്നെ അവഹേളിക്കാനാണ് നീട്ടിക്കൊണ്ടു പോയത്. സർക്കാർ രേഖകളിൽ നിന്ന് തന്നെ ആ വിവരം പുറത്തുവന്നതിൽ സന്തോഷമുണ്ട്. തെളിവുകൾ ഉണ്ടെങ്കിൽ കേരള പൊലീസിന് കേസെടുക്കാമായിരുന്നല്ലോ? എന്തൊക്കെ പ്രചാരണങ്ങൾ ഉണ്ടായാലും സത്യം ജനങ്ങൾക്ക് അറിയാം- ഉമ്മൻചാണ്ടി പറഞ്ഞു.

2018ലാണ് സോളാർ പീഡനക്കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്ലിഫ് ഹൗസിൽ വച്ച് 2012 സെപ്തംബർ 19ന് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts