തന്നെ കൂവിയവർ തീവ്രവാദികൾ, അവരുടെ വോട്ടു വേണ്ടെന്ന് പിസി ജോർജ്
|"ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്‌ലിംകൾ തനിക്കൊപ്പമാണ്"
ഈരാറ്റുപേട്ട: വോട്ട് ചോദിക്കാനെത്തിയ വേളയിൽ നാട്ടുകാർ കൂക്കിവിളിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ജനപക്ഷം സ്ഥാനാർഥി പി.സി ജോർജ്. തന്നെ കൂവിയവർ തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് എന്നും അവരുടെ വോട്ടു വേണ്ടെന്നും ജോർജ് പറഞ്ഞു.
' ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്‌ലിംകൾ തനിക്കൊപ്പമാണ്'- പി.സി. ജോർജ് പറഞ്ഞു.
തീക്കോയി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോർജിനെ നാട്ടുകാർ കൂക്കിവിളിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തിൽ അരിശം കയറിയ പി.സി ജോർജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്.
പ്രതിഷേധിച്ചവരോട് പി.സി ജോർജ് പറഞ്ഞതിങ്ങനെ: ''നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെതയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഈരാറ്റുപേട്ടയിൽ തന്നെ കാണും''. ചില സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോർജ് അവിടെ നിന്ന് തിരിച്ചുപോയത്.