Kerala
പൂഞ്ഞാറിൽ പ്രചാരണത്തിനിടെ സംഘർഷം; പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി പിസി ജോർജ്
Kerala

പൂഞ്ഞാറിൽ പ്രചാരണത്തിനിടെ സംഘർഷം; പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി പിസി ജോർജ്

Web Desk
|
26 March 2021 9:22 AM GMT

സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് പ്രസംഗം അലങ്കോലപ്പെടുത്തിയതാണെന്ന് ജോർജ് ആരോപിച്ചു.

പൂഞ്ഞാർ: ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിന്റെ പ്രചാരണത്തിനിടെ പാറത്തോട്ടിൽ സംഘർഷം. സിപിഎം-എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതാണെന്ന് ജോർജ് ആരോപിച്ചു.

ജോർജിന്റെ പ്രചാരണം നടക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വാഹനങ്ങൾ അതു വഴി കടന്നു പോകുകയായിരുന്നു. പ്രവർത്തകർ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ജോർജ് പ്രസംഗം നിർത്തി തിരിച്ചു പോകുകയായിരുന്നു.

മണ്ഡലത്തിൽ തന്റെ ബോർഡ് മുഴുവൻ നശിപ്പിക്കുകയാണ് എന്ന് ജോർജ് ആരോപിച്ചു. അതിനെ കുറിച്ച് താൻ മിണ്ടുന്നില്ല. പാറത്തോട്ടിൽ അവർ പ്രസംഗിക്കാൻ സമ്മതിച്ചില്ല. അതായത്, പ്രധാനപ്പെട്ട കാര്യം പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്ന് ഖുറാനും നബി തിരുമേനിയും പറഞ്ഞിട്ടുള്ളത്. ഇത്രയും മുസ്‌ലിംകളുള്ള പൂഞ്ഞാറ്റിൽ അറിയപ്പെടുന്ന ഒരു പലിശ വാങ്ങുന്നയാളെയാണ് സ്ഥാനാർത്ഥിയാക്കി നിർത്തിയിട്ടുള്ളത്. ഇരുനൂറ്റി ചില്വാനം ചെക്കുകേസിൽ വാദിയാണ് അയാൾ. അറിയപ്പെടുന്ന ബ്ലേഡ് ആണെന്നർത്ഥം. ഈ കാര്യം താൻ പറയുന്നതാണ് അവർക്ക് പ്രശ്‌നം- അദ്ദേഹം ആരോപിച്ചു.

നേരത്തെ, തീക്കോയി പഞ്ചായത്തിലെ പ്രചാരണത്തിനിടെ ജോര്‍ജിനെ നാട്ടുകാര്‍ കൂവിവിളിച്ചിരുന്നു. നാട്ടുകാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ ജോര്‍ജ് തെറി വിളിച്ചാണ് മടങ്ങിയിരുന്നത്.

പതിഷേധിച്ചവരോട് പി.സി ജോര്‍ജ് പറഞ്ഞതിങ്ങനെ: ''നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെതയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''. ചില സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് ജോര്‍ജ് അവിടെ നിന്ന് തിരിച്ചുപോയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts