ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ
|സിഎഎ നടപ്പിലാക്കുമെന്ന് ആവർത്തിച്ച അമിത് ഷാ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും വ്യക്തമാക്കി
ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
''ബിജെപിയുടെ പ്രകടനപത്രികയിൽ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ അവയിൽ ഏറ്റവും വലുത് സർക്കാർ ലൗ, ലാൻഡ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നതാണ്''- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാരും നിർബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
സിഎഎ നടപ്പിലാക്കുമെന്ന് ആവർത്തിച്ച അമിത് ഷാ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസിനെയും രാഹുൽഗാന്ധിയേയും രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. കോൺഗ്രസ് ഭരണകാലത്ത് അസം തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും പിടിയിലായിന്നു, എന്നാൽ അസമിനെ സംഘർഷ രഹിത തീവ്രവാദരഹിത സംസ്ഥാനമാക്കി ബി.ജെ.പി മാറ്റി. കോൺഗ്രസിന്റെയും ബദ്രുദ്ദീൻ അജ്മലിന്റെയും സഖ്യം വീണ്ടും അധികാരത്തിൽ വന്നാൽ അസം നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് നിറയും. നുഴഞ്ഞുകയറ്റക്കാരുടെ പ്രവാഹം അസമിലേക്ക് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.