Kerala
യു.ഡി.എഫിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ
Kerala

യു.ഡി.എഫിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ

Web Desk
|
27 March 2021 12:16 PM GMT

യു.ഡി.എഫിന്റേത് മനുഷ്യത്വ വിരുദ്ധമായ സമീപനവും ജനങ്ങളോടുള്ള യുദ്ധ പ്രഖാപനവുമാണെന്ന് എ.എ. റഹീം കുറിച്ചു

അരി വിതരണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിന്റേത് മനുഷ്യ വിരുദ്ധമായ സമീപനവും ജനങ്ങളോടുള്ള യുദ്ധ പ്രഖാപനവുമാണെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.

സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്‌റ്റർ കിറ്റ്‌ മുടക്കാനും പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts