തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാനുള്ള നീക്കം ബാലിശമെന്ന് പി.ജെ ജോസഫ്
|വരും ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു
തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാൻ എല്‍.ഡി.എഫ് നടത്തുന്ന നീക്കം ബാലിശമാണെന്ന് പി.ജെ ജോസഫ്. കോവിഡ് ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം വിശ്രമത്തിൽ ആയിരുന്നു. വരും ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴും പ്രചരണത്തിൽ സജീവമാകുന്നില്ലെന്ന എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് പി.ജെ ജോസഫ്. കോവിഡ് ബാധിതനാകുന്നതിന് മുമ്പ് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കേരളമെമ്പാടും യാത്ര ചെയ്തിരുന്നു. വിശ്രമമാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് യാത്രകളും ആൾക്കൂട്ട പരിപാടികളും ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയുടെ ഇടുക്കി സന്ദർശനത്തോടെ യു.ഡി.എഫിന് പുതു ഊർജ്ജം കൈവരുമെന്നും അഞ്ച് മണ്ഡലങ്ങളും തൂത്തുവാരുമെന്നും ജോസഫ് പറഞ്ഞു.
ഭൂപതിവ് വിഷയം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് അടിയന്തര ഇടപെടലുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാൽ വോട്ട് നേടാൻ ഇടത് പക്ഷത്തിന് വ്യാജ പ്രചരണങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രതികരിച്ചു.