Kerala
വയനാട്ടിലെ മരംമുറി കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്
Kerala

വയനാട്ടിലെ മരംമുറി കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

Web Desk
|
27 March 2021 2:58 AM GMT

കൃഷി ഭൂമിയിൽ നിന്നും വീട്ടി മരങ്ങൾ മുറിയ്ക്കാമെന്ന അവ്യക്തമായ ഉത്തരവിന്‍റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്റ്റിൻ കർഷകരിൽ നിന്ന് മരങ്ങൾ വാങ്ങിയത്

വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറി കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും വീട്ടി മരങ്ങൾ മുറിയ്ക്കാമെന്ന അവ്യക്തമായ ഉത്തരവിന്‍റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്റ്റിൻ കർഷകരിൽ നിന്ന് മരങ്ങൾ വാങ്ങിയത്. കൃത്യമായ രേഖകളില്ലാത്തതിനാൽ വനംവകുപ്പ് മരങ്ങൾ എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു.

വാഴവറ്റ , ആവലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളിലെ, 34 കർഷകരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പേരിലുള്ള കാർഷിക ഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചത്. വനം, റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് മരംമുറി നടത്തിയത്. കർഷകർക്ക് കൃഷി ഭൂമിയിലെ മരം മുറിക്കാമെന്ന് കാണിച്ച് 2020 ഒക്ടോബർ 24ന് ഇറങ്ങിയ, ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണെന്ന് മരംമുറിച്ചതെന്നായിരുന്നു ന്യായീകരണം. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഭൂസംരക്ഷണ നിയമം അനുസരിച്ചുള്ള കേസുകളും പിഴയും കർഷകരുടെ മേൽ ചുമത്താൻ സാധ്യതയുണ്ട്.

കർഷകരിൽ നിന്നും മരംമുറിച്ച് വിൽപന നടത്താൻ കരാറുണ്ടാക്കിയ വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ എല്ലാ കേസിലും പ്രതിയാണ്. ഇയാളുടെ സഹോദരൻ ആന്‍റോ അഗസ്റ്റിനും പ്രതിയാണ്. എല്ലാ രേഖകളുമുണ്ടെന്ന് കർഷകരെ ബോധ്യപ്പെടുത്തിയാണ് മരംമുറിച്ച് വിൽപന നടത്താൻ ശ്രമിച്ചതെന്ന് വനംവകുപ്പ് പറയുന്നു. ഫെബ്രുവരിയിൽ 14 കർഷകർ മരം കടത്താൻ പാസുകൾക്കായി അനുമതി തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പാസുകൾക്ക് അനുമതി നിഷേധിച്ചതോടെ രാത്രിയിൽ കടത്താൻ ശ്രമിച്ച രണ്ട് ലോഡ് മരം എറണാകുളത്ത് വച്ച് വനംവകുപ്പ് പിടികൂടിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts