സ്റ്റേജിലല്ല സ്‌ക്രീനിലാണ് സ്ഥാനാർഥി
|ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമാകുന്നത്.
കോളാമ്പി മൈക്ക് ജീപ്പിനു മുകളിൽ കെട്ടി പ്രചാരണം നടത്തിയ, പൊതുയോഗങ്ങളിൽ ആയിരങ്ങൾക്കു മുന്നിൽ വാഗ്ദാനങ്ങൾ നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആളുകൾ മൊബൈൽ സ്‌ക്രീനുകളിൽ നോക്കിയിരിക്കുമ്പോൾ ചുമരെഴുത്തിനെക്കാളും നല്ലത് സ്‌ക്രീനെഴുത്താണെന്ന് രാഷ്ട്രീയ പാർട്ടികൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ചുമരെഴുത്തുകളില്ലാത്തെയൊരു തെരഞ്ഞെടുപ്പ് കാലവും അതിവിദൂരമല്ല.
പ്രവർത്തകരിൽ നിന്ന് പി.ആർ. കമ്പനികൾ ഏറ്റെടുത്ത പ്രചാരണം
പ്രചാരണത്തിന് പ്രവർത്തകർ ഇത്തിരി കുറഞ്ഞാലും പിആർ വർക്ക് ഒട്ടും കുറയുരതെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ടുതന്നെ പി.ആർ കമ്പനികൾക്ക് പ്രചാരണത്തിൽ പ്രാമുഖ്യം കൂടി വരുന്നുണ്ട്. പാർട്ടി ഡിജിറ്റൽ സെല്ലുകൾക്കൊപ്പമൊ സമാന്തരമായോ പ്രവർത്തിക്കുന്ന രീതിയിലാണ് വിവിധ പാർട്ടികളിൽ ഇവരുടെ സ്ഥാനം. പാർട്ടികളുടെ ഔദ്യോഗിക പി.ആർ കമ്പനിയും ചില നേതാക്കൾക്ക പ്രത്യേകം പി.ആർ. ഏജൻസികളുമുണ്ട്.
കോവിഡ് നൽകിയ കുതിപ്പ്
ഡിജിറ്റൽ പ്രചരണ തന്ത്രങ്ങൾക്ക് കോവിഡ് നൽകിയ കുതിപ്പ് ചെറുതൊന്നുമല്ല. കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമായി വന്നത് ഡിജിറ്റലിലേക്ക് മാറാൻ എല്ലാ സ്ഥാനാർഥികളും നിർബന്ധിതരായി.
വീടുകൾ കയറിയിറങ്ങാൻ സ്ഥാനാർഥികൾ ഇറങ്ങിയാലും പല വോട്ടർമാർക്കും വീടുകളിൽ ചെന്ന് വോട്ട് ചോദിക്കുന്നതിലെ ഔചിത്യം ചോദ്യം ചെയ്യാറുണ്ട്. ഇതിനൊക്കെയുള്ള പരിഹാരമെന്നോണം ഡിജിറ്റൽ പ്രചരണ തന്ത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.
അഭ്യർത്ഥന സന്ദേശങ്ങൾ പ്രൊഫൈൽ വീഡിയോകൾക്ക് വഴി മാറുമ്പോൾ
തെരഞ്ഞെടുപ്പുകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അച്ചടിച്ച അഭ്യർത്ഥന സന്ദേശങ്ങൾ. കോവിഡ് സാഹചര്യത്തിൽ ഇവയുടെ കൈമാറ്റത്തിലെ സുരക്ഷയില്ലായ്മയും ചോദ്യം ചെയ്യപ്പെട്ടു. ഇവിടേക്കാണ് പ്രൊഫൈൽ വീഡിയോകൾ കടന്നുവന്നത്.
സ്ഥാനാർഥിയുടെ വോട്ട് അഭ്യർഥന എന്നതിലുപരി സ്ഥാനാർഥിയുടെ സിനിമാ സ്‌റ്റൈൽ എൻട്രിയടക്കം കൃത്യമായ തിരക്കഥയടക്കമുള്ള വീഡിയോകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ആദ്യമെല്ലാം ഒരു അധികകാര്യമെന്ന രീതിയിൽ ചെയ്ത ഈ വീഡിയോകൾ ഇന്ന് എല്ലാ സ്ഥാനാർഥികളും പുറത്തിറക്കുന്നുണ്ട്.
തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥിയായ എം.ബി. രാജേഷിന്‍റെയും കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്‍റെയും പ്രൊഫൈൽ വീഡിയോയും അടുത്തക്കാലത്ത് കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടവയാണ്.
നിഷ്‌കളങ്കമായി കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് പറയുന്ന ട്രോളുകൾക്കാണ് മാർക്കറ്റ്. അതുകൊണ്ട് അടുത്തതായി ഒരു ട്രോൾ കാണുമ്പോൾ ഒന്ന് ആലോചിച്ചു നോക്കൂ, അവയത്ര നിഷ്‌കളങ്കമല്ല; ചിലപ്പോൾ ചിലതൊക്കെ പൊതിഞ്ഞു പറയുന്നുണ്ടാകും.
കഥ പറയുന്ന പോസ്റ്ററുകൾ
'എന്‍റെ തല എന്‍റെ ഫുൾ ഫിഗർ' എന്ന രീതിയിലുണ്ടായ പോസ്റ്ററുകളുടെ രൂപവും ഭാവവും മാറി. തികച്ചും പ്രൊഷണലായ രീതിയിൽ സിനിമാ പോസ്റ്ററുകളോട് കിടപിടിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പുറത്തിറക്കുന്നത്.
മിക്കതും വാട്സാപ്പ് സ്റ്റാറ്റസുകളായി വയ്ക്കാനായി അണികൾക്കിടയിൽ ഷെയർ ചെയ്യാനാണ് ഉണ്ടാക്കുന്നത്. അച്ചടിച്ച പോസ്റ്ററുകളെക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ആളുകളിലേയ്ക്ക് ഇത്തരം പോസ്റ്ററുകൾ എത്തിക്കാനാകും.
ട്രോളുകൾ അത്ര നിഷ്‌കളങ്കമല്ല
വലിയ ചിരികളെ മീമുകളിലേക്ക് വൃത്തിയായി ഒതുക്കിവച്ച് മലയാളികളെ ചിരിപ്പിച്ച ഡിജിറ്റൽ ചിരിരൂപമായ ട്രോളുകൾക്കുള്ള റീച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഡിജിറ്റൽ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നവർ ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി കഴിവുള്ള ട്രോളൻമാരെ വിലയ്ക്കെടുത്ത് നിശ്ചിത വിഷയത്തിൽ ട്രോളുകളുണ്ടാക്കി പോസ്റ്റ് ചെയ്യിപ്പിക്കുകയാണ്. ഇതിന് കൃത്യമായ പ്രതിഫലവും നൽകും.
നിഷ്‌കളങ്കമായി കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് പറയുന്ന ട്രോളുകൾക്കാണ് മാർക്കറ്റ്. അതുകൊണ്ട് അടുത്തതായി ഒരു ട്രോൾ കാണുമ്പോൾ ഒന്ന് ആലോചിച്ചു നോക്കൂ, അവയത്ര നിഷ്‌കളങ്കമല്ല; ചിലപ്പോൾ ചിലതൊക്കെ പൊതിഞ്ഞു പറയുന്നുണ്ടാകും.
എല്ലാം ലൈവാണ്
ലൈവായി കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ ഒരു സ്മാർട്ട് ഫോൺ മാത്രം മതിയെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയതോടെ പ്രചരണവും ഇപ്പോ ലൈവാണ്. സ്ഥാനാർഥി പര്യടനം മുതൽ പൊതുയോഗം വരെ ലൈവായി ഷെയർ ചെയ്യപ്പെടുന്നത് വഴി കൂടുതൽ പേരിലേക്ക് കാര്യങ്ങളെത്തിനാകും.
ഇതിനായി സ്ഥാനാർഥികളുടെ കൂടെ എപ്പോഴും ഒരു സോഷ്യൽ മീഡിയ ടീമുണ്ടാകും. കൂടാതെ പ്രഷണൽ ഡിഎസ്എൽആർ കാമറയുമായി കാമറമാനും ഉണ്ടാകും. ഇവയൊക്കെ കൃത്യമായ ഏകോപനത്തോടെ ഷെയർ ചെയ്യപ്പെടും.
വിലയ്ക്കെടുക്കുന്ന സൈബർ സ്പേസ്
ഡിജിറ്റൽ പ്രചരണം കൂടുതൽ കാര്യക്ഷമമാക്കാൻ സൈബർ സ്പേസുകൾ വിലയ്ക്കെടുക്കയാണ് രാഷ്ടീയ പാർട്ടികൾ. നിരവധി അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകൾ, നിലവിൽ നിർജീവമായ ഗ്രൂപ്പുകൾ, ഓൺലൈൻ മാധ്യമങ്ങൾ, ട്രോൾ ഗ്രൂപ്പുകൾ തുടങ്ങിയവയെല്ലാം ഇങ്ങനെ ഏറ്റെടുക്കുന്നു. നിഷ്പക്ഷരായ ആൾക്കാരിലേക്ക് പെട്ടെന്ന് പ്രചരണമെത്തിക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം.
ബ്രാൻഡായി മാറുന്ന സ്ഥാനാർഥികൾ
മുന്നണിക്ക് പ്രചരണ ടാഗ് ലൈൻ എന്ന രീതിയിൽ നിന്ന് മാറി അതിനു പുറമെ ഓരോ സ്ഥാനാർഥിക്കും ഓരോ ടാഗ് ലൈൻ എന്നരീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അവരുടെ എല്ലാ പ്രചരണ ഉപാധികളിലും ഈ ടാഗ് ലൈൻ ഉപയോഗിക്കും. അങ്ങനെ ടാഗ് ലൈനോടു കൂടി ഒരു ബ്രാൻഡായി മാറുകയാണ് ഓരോ സ്ഥാനാർഥിയും.
സ്റ്റേജിൽ മാത്രമല്ല ഉള്ളംകൈയിലെ സ്‌ക്രീനുകളിലേക്ക് സ്ഥാനാർഥികൾ എത്തിയതോടെ തെരഞ്ഞെടുപ്പുകൾ കൂടുതൽ ലൈവാകുകയാണ്. സമ്മതിദായതർക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം, പ്രതികരിക്കാം, വിലയിരുത്താം. അതെ ബ്രാൻഡഡ് തെരഞ്ഞെടുപ്പ് കാലത്ത് സ്മാർട്ടായൊരു തെരഞ്ഞെടുപ്പാണ് നമ്മളിൽ നിന്നുണ്ടാവേണ്ടത്.