തൃശൂര്‍ പൂരം നടത്തണം: നാളെ സത്യാഗ്രഹമിരിക്കുമെന്ന് പത്മജ വേണുഗോപാല്‍
|പത്മജയുടെ സത്യാഗ്രഹം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ
തൃശൂർ പൂരം തടസ്സപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പത്മജ വേണുഗോപാൽ നാളെ സത്യാഗ്രഹമനുഷ്ഠിക്കും. പൂരത്തിന് തടസ്സം നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ഉത്തരവാദിത്തമുള്ള മന്ത്രിക്ക് കഴിയണം. മുഖ്യമന്ത്രിയോ ജില്ലയിൽ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സർക്കാർ തൃശൂർ പൂരത്തിന് അനുമതി നല്‍കില്ലെന്നും പത്മജ ആരോപിച്ചു.
എന്നാൽ പത്മജയുടെ സത്യാഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ പ്രതികരിച്ചു. തൃശൂർ പൂരം നടത്താൻ പുറത്ത് നിന്നുള്ള ആളുകൾ സത്യാഗ്രഹം നടത്തേണ്ട കാര്യമില്ല. പൂർവ്വാധികം ഭംഗിയോടെ പൂരം നടത്തുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
പൂരം എക്സിബിഷന് 200 പേർക്കേ അനുമതി നൽകൂവെന്ന ഉദ്യോഗസ്ഥ തല തീരുമാനത്തോടെയാണ് പൂരം നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായത്. പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൂരം നടത്തിപ്പ് സംബന്ധിച്ച സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂര്‍വാധികം ഭംഗിയോടെ തൃശൂര്‍ പൂരം നടത്തുമെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.