കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി
|യു.ഡി.എഫ് ബൂത്ത് ഏജന്‍റിനെ അറിയിക്കാതെ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു
പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ യു.ഡി.എഫ് ബൂത്ത് ഏജന്‍റിനെ അറിയിക്കാതെ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
യുഡിഎഫ് പോളിംഗ് ഏജന്‍റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി.എൽ.ഒയും ഉൾപ്പെടുന്നവർ തപാൽ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂർ മണ്ഡലത്തിലെ മുണ്ടയാപറമ്പിൽ ഇത്തരത്തിൽ തപാൽ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു.
വോട്ടിങ്ങിനായി എത്തിയ സംഘത്തിലെ പ്രിസൈഡിങ് ഓഫീസർക്കും ദൃശ്യങ്ങൾ പകർത്താനെത്തിയ ക്യാമറമാനും മാത്രമാണ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയൽ കാർഡിൽ പേരോ, ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നും യുഡിഎഫ് ആരോപിക്കുന്നു. ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കോൺഗ്രസ്സ് ആരോപിച്ചു.
വ്യാപകമായി തപാൽ വോട്ട് തിരിമറി നടത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫ് ചീഫ് ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ്ങ് ഓഫീസർ, കണ്ണൂർ ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.