ലവ് ജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ്
|ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു.ഇത്തരം പദ്ധതികളിൽ വീഴാതെ മത ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്
ലവ് ജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു.
ഇത്തരം പദ്ധതികളിൽ വീഴാതെ മത ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപവരിവാറുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ്. മീഡിയവൺ റോഡ് ടു വോട്ടിലാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം.
തമ്മില്‍ ഭേദം തൊമ്മനെന്ന നിലയിലേ ഇടത്, വലത് മുന്നണികളെ കാണാന്‍ പറ്റൂ. ആശയപരമായിട്ടാണ് ഇടത്പക്ഷത്തിനെ വിമര്‍ശിക്കാറുള്ളത്. അത് തുടരുക തന്നെ ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ നിലപാട് പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷെ ഫലത്തില്‍ ആ വോട്ടിന്റെ പ്രതിഫലനം ഉണ്ടായെന്നും കൂറിലോസ് പറഞ്ഞു.
മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ആശയപരമായി അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. കുറച്ചെങ്കിലും ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത് സി.പി.ഐ മാത്രമാണ്. ഇം.എം.സിനു ശേഷം വന്ന എല്ലാ സര്‍ക്കാറുകളും ഭരണത്തുടര്‍ച്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശയപരമായി എല്ലാവരും ഒരേ നിലയിലേക്കു വന്നിരിക്കുന്നു. പിണറായി ശക്തനായ മുഖ്യമന്ത്രി തന്നെയാണ്. കാര്യക്ഷമതയില്‍ അദ്ദേഹത്തിന് കിടപിടിക്കുന്നയാള് അടുത്ത കാലത്തുണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളില്ല- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനര്‍ത്ഥം പിണറായി ജനകീയനാണെന്നല്ലെന്നും ഗീവര്‍ഗീസ് വ്യക്തമാക്കി. ഭരണമാറ്റമുണ്ടാവാന്‍ പുതിയ ഒരു ഇടതുപക്ഷം വരേണ്ടതുണ്ട്. ആദിവാസികളേയും ദലിതരേയും ചേര്‍ത്തു പിടിക്കുന്ന സര്‍ക്കാറിനേയാണ് ഇടതുപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ളത് കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു.