ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ
|ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി
ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയത്.
വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെൻഷനും വോട്ടെടുപ്പിനു തൊട്ടു മുമ്പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷനു പരാതി നൽകിയിരുന്നു. രണ്ടും ഏപ്രിൽ ആറ് കഴിഞ്ഞു വിതരണം ചെയ്താൽ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. എന്നാൽ അരി വിതരണം തുടരണമെന്ന സർക്കാർ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.