ഭരണത്തുടർച്ച പിന്നോക്ക - ന്യൂനപക്ഷ തകർച്ചക്ക് കാരണമാകുമെന്ന് മെക്ക
|സംഘ്പരിവാറുമായുള്ള എൽ.ഡി.എഫിന്റെ രഹസ്യബാന്ധവം ഉൾപ്പെടെയുള്ള മുഴുവൻ അഴിമതിക്കറകളും ഭക്ഷ്യകിറ്റുകൾ കഴുകിക്കളയുമെന്ന് അവർ അഹങ്കരിക്കുന്നുവെന്നും മെക്ക
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സാമൂഹ്യനീതിയും വിദ്യാഭ്യാസ-ഉദ്യോഗ തൊഴിൽ മേഖലകളിലെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താൻ മുന്നണികൾ തയ്യാറാവണമെന്ന് മെക്ക. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾക്കും അധഃസ്ഥിത പീഡിത ജനവിഭാഗങ്ങൾക്കും നീതി ഉറപ്പുവരുത്തുന്ന മുന്നണിയെയും പാർട്ടികളെയും ജനാധിപത്യ കക്ഷികളെയും അധികാരത്തിലേറ്റുവാൻ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും മെക്ക സംസ്ഥാന നേതൃയോഗം അഭ്യർത്ഥിച്ചു.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം അനുഭവിച്ചറിയാത്ത തരത്തിലുള്ള വർഗീയ ധ്രുവീകരണ പ്രവർത്തനമാണ് ഇടതുസർക്കാരും വർഗീയ ഫാഷിസ്റ്റ് കക്ഷികളും കൂടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം,പിന്നോക്ക -സംവരണ സമൂഹങ്ങളുടെ സർവ്വനാശത്തിന് ഇടയാക്കുന്ന തുടർഭരണം സംസ്ഥാനത്ത് ഉണ്ടാവാൻ പാടില്ല എന്നതാണ് നീതിബോധമുള്ളവരുടെ ചിന്താഗതി. സംഘ്പരിവാറുമായുള്ള എൽ.ഡി.എഫിന്റെ രഹസ്യബാന്ധവം ഉൾപ്പെടെയുള്ള മുഴുവൻ അഴിമതിക്കറകളും ഭക്ഷ്യകിറ്റുകൾ കഴുകിക്കളയുമെന്ന് അവർ അഹങ്കരിക്കുന്നു.
'അധികാരത്തിൽ നിന്നും അകന്നു പോകുന്ന കോൺഗ്രസിനെ സംഘ് പരിവാറിലേക്കുള്ള റിക്രൂട്ടിങ് ക്യാമ്പായി പരിവർത്തിപ്പിക്കുക, ശേഷിക്കുന്ന നിരാശരായ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിർത്തുക, മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാക്കി മാറ്റുക, അങ്ങനെ സംസ്ഥാനത്തെ മുപ്പത് ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തിന് സ്ഥിരം വോട്ട് ചെയ്യാനുള്ള ഏകാവലംബ മുന്നണിയായി സി.പിഎമ്മിനെ പരുവപ്പെടുത്തുക തുടങ്ങിയ കുടില തന്ത്രത്തിന്റെ പണിപ്പുരയാണീ തെരഞ്ഞെടുപ്പ്. ഇവിടെയാണ് ഏറെ ജാഗ്രതയോടെ ഈ തെരഞ്ഞെടുപ്പിനെ സമീപിക്കാൻ മലയാളികൾ പൊതുവെയും ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും നിർബന്ധിതരായിരിക്കുന്നത്" - മെക്ക പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുൽ റഷീദ് നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ചു.