'വൗ.. മലയാളീസ് വിത്ത് പിച്ചച്ചട്ടി!' എം.എം മണിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം
|കഴിഞ്ഞ ദിവസമാണ് എം.എം മണി 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഭാഗം പങ്കുവെച്ച് കൊണ്ട് യു.ഡി.എഫിനെയും പ്രതിപക്ഷനേതാവിനെയും ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍. കഴിഞ്ഞ ദിവസമാണ് എം.എം മണി 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഭാഗം പങ്കുവെച്ച് കൊണ്ട് യു.ഡി.എഫിനെയും പ്രതിപക്ഷനേതാവിനെയും ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന് കീഴെയാണ് വലിയതരത്തില്‍ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തിയത്.
മന്ത്രി പങ്കുവെച്ച സിനിമാരംഗത്തില്‍, വീട്ടില്‍ ഭിക്ഷക്കെത്തുന്നയാള്ക്ക് ഭക്ഷണം നല്കുമ്പോള് മമ്മൂട്ടിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കഥാപാത്രം ആ ഭക്ഷണത്തില്‍ മണ്ണുവാരിയിടുന്ന രംഗമുണ്ട്. ഈ രംഗം പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മലയാളികളെ ഭിക്ഷക്കാരുമായാണ് വൈദ്യുതി മന്ത്രി താരതമ്യപ്പെടുത്തിയത് എന്ന തരത്തിലാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയര്‍ന്നത്.
അന്നം_മുടക്കാൻ_UDF#അന്നം_മുടക്കാൻ_UDF സിനിമയിൽ ചിരി പടർത്തിയ ഈ രംഗം UDF ജീവിതത്തിൽ പകർന്നാടിയപ്പോൾ ഒരുപാട് കുടുംബങ്ങളിൽ നിരാശ പടർത്തി .
Posted by MM Mani on Sunday, March 28, 2021
'സിനിമയിൽ ചിരി പടർത്തിയ ഈ രംഗം യു.ഡി.എഫ് ജീവിതത്തിൽ പകർന്നാടിയപ്പോൾ ഒരുപാട് കുടുംബങ്ങളിൽ നിരാശ പടർത്തി.' എന്ന അടിക്കുറിപ്പോടെയായിരുന്നു എം.എം മണി വിവാദമായ വീഡിയോ പങ്കുവെച്ചത്. ഇതിന് കീഴെയാണ് പൊങ്കാലയുമായി മറ്റ് പ്രൊഫൈലുകള്‍ എത്തിയത്.
വിഷുവിനുള്ള ഭക്ഷ്യകിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോട്ടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല കമ്മീഷനെ സമീപിച്ചത്.
പ്രതിപക്ഷത്തിന്റെ പരാതിയെ പ്രധാന പ്രചാരണ വിഷയമാക്കി എടുക്കുകയായിരുന്നു ഇടത് മുന്നണി. ഈ പ്രചരണത്തിന് ശക്തി പകരാന്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന് എന്ന സിനിമയിലെ ഒരു രംഗമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. അന്നം മുടക്കികള്‍ എന്ന ടാഗ്ലൈന് ഉപയോഗിച്ച് സി.പി.എം സൈബര്‍ സ്പേസുകളില്‍ പ്രചരിപ്പിച്ച ഈ വീഡിയോക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇടത് അണികളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് വൈദ്യുതി മന്ത്രി തന്നെ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്.