ലവ് ജിഹാദ്: ഇടത് മുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി
|'മതസ്പർദ്ധയും സമുദായ സംഘർഷവും സൃഷ്ടിച്ച് തുടർ ഭരണം നേടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ജോസിന്റെ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'
ലവ് ജിഹാദ് ആരോപണം സംബന്ധിച്ച് ഇടതു മുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മതസ്പർദ്ധയും സമുദായ സംഘർഷവും സൃഷ്ടിച്ച് തുടർഭരണം നേടിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസിന്റെ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘ്പരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങൾ ഇടവരുത്തുകയെന്നും ഹമീദ് വാണിയമ്പലം വിമര്‍ശിച്ചു.
കോടതിയും പൊലീസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലർത്തുന്ന അതേ നിലപാട് തന്നെയാണോ ഇടത് മുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കെന്നും അവർ വ്യക്തമാക്കണം. ആർഎസ്എസ് വാദങ്ങളുടെ മെഗാഫോണായി എൽഡിഎഫ് ഘടക കക്ഷികൾ മാറിയത് അത്യന്തം അപകടകരമാണ്. മതേതര ജനാധിപത്യ സമൂഹം ഇടത് മുന്നണിയുടെ വർഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.
ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ജോസ് കെ മാണി പറഞ്ഞത് എല്‍ഡിഎഫിന്റെ അഭിപ്രായല്ലെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം. എൽഡിഎഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മതമൗലികവാദികളുടെ അഭിപ്രായമാണ് ലവ് ജിഹാദ് എന്ന് എല്ലാവർക്കും അറിയാം. പ്രായപൂർത്തിയായവരുടെ അവകാശത്തെ ആരും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ല, ജോസ് കെ മാണി തന്നെ വിശദീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പരാമര്‍ശം വിവാദമായതോടെ ലവ് ജിഹാദില്‍ എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിനുമെന്ന് ജോസ് കെ മാണി വിശദീകരിച്ചു. വികസന പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.