Kerala
വീണ് പോയേക്കാവുന്ന നാടിന്   ഊർജ്ജവും ഉറപ്പുമേകിയത് ഡി.വൈ.എഫ്.ഐ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
Kerala

'വീണ് പോയേക്കാവുന്ന നാടിന് ഊർജ്ജവും ഉറപ്പുമേകിയത് ഡി.വൈ.എഫ്.ഐ' വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

Web Desk
|
30 March 2021 4:28 PM GMT

ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ വീഡിയോ ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

പ്രളയകാലത്തും കോവിഡ് മഹാമാരി സമയത്തും ഡി.വൈ.എഫ്.ഐ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക് പോസ്റ്റ്. ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ വീഡിയോ ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ നൽകി വരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയാണ് ഹൃദയപൂർവ്വം. ഒരു കുടുംബം ഹൃദയപൂര്‍വ്വം പദ്ധതിക്കായി പൊതിച്ചോര്‍ ഒരുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു സംഭാഷണ ശകലം പോലുമില്ലാത്ത വീഡിയോയുടെ ദൈര്‍ഘ്യം രണ്ട് മിനുട്ടില്‍ താഴെയാണ്.

തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരി നമ്മെ...

Posted by Pinarayi Vijayan on Tuesday, March 30, 2021

കേരളം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് നാടിന് നൽകിയത്. വീണ് പോയേക്കാവുന്ന നാടിന് പുതിയ ഊർജ്ജവും ഉറപ്പുമേകാൻ അവർക്ക് സാധിച്ചു. പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരി നമ്മെ പട്ടിണിയിലാക്കുമായിരുന്നു, പക്ഷേ നമ്മൾ ഒരു നേരം പോലും വിശന്നിരുന്നില്ല.

കേരളമൊറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധികൾ മറികടന്നു. ജനങ്ങൾ എല്ലാ ഭേദങ്ങൾക്കുമതീതമായി ഈ ഈ നാടിനു കാവലായി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കു ശക്തി പകർന്നു. ആ പ്രവർത്തനങ്ങളുടെ മുന്നണിയിൽ ചെറുപ്പക്കാരുടെ വലിയ നിര തന്നെയുണ്ടായി.

യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയത്. വീണ് പോയേക്കാവുന്ന നാടിന് പുതിയ ഊർജ്ജവും ഉറപ്പുമേകാൻ അവർക്ക് സാധിച്ചു.

ഈ ഘട്ടങ്ങളിലെല്ലാം പരസ്പരം താങ്ങാകാൻ ഒരുമിച്ച് നമ്മളങ്ങിറങ്ങി. അതാണ് പ്രതിസന്ധികൾ മറികടന്ന് പുരോഗതിയുടെ പാതയിൽ മുന്നേറാൻ കേരളത്തിന് ഇന്ധനമായത്.

ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ ഈ ദൃശ്യാവിഷ്കാരം നമ്മുടെ അതിജീവനത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. ഇത് ഞാൻ നാടിന് സമർപ്പിക്കുന്നു. ഒരുമയെക്കുറിച്ചുള്ള അഭിമാനത്തോടെ, ഉറപ്പോടെ

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts