തിരുവനന്തപുരം പിടിച്ചാല്‍ കേരളം ഭരിക്കാമെന്നാണ് ചരിത്രം
|അതിനാൽ 14 സീറ്റിൽ 8 സീറ്റെങ്കിലും പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം കിട്ടിയാൽ കേരളം ഭരിക്കാമെന്നാണ് ചരിത്രം. അതിനാൽ 14 സീറ്റിൽ 8 സീറ്റെങ്കിലും പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. കഴിഞ്ഞ തവണ കിട്ടിയ 10 സീറ്റ് നിലനിർത്താൻ എൽ.ഡി.എഫ്. ശ്രമിക്കുമ്പോൾ പത്തിൽ കൂടുതൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കൂടുതൽ താമരകൾ വിരിയുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു.
1996 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ തലസ്ഥാന ജില്ല പിടിച്ചവരാണ് കേരളം ഭരിച്ചത്. 14 മണ്ഡലമുള്ള തിരുവനന്തപുരം ജില്ലയിൽ നിലവിൽ 10 സീറ്റ് എൽ.ഡി.എഫിനും 3 സീറ്റ് യു.ഡി.എഫിനും 1 സീറ്റ് ബി.ജെ.പിക്കുമുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഇപ്പോൾ ത്രികോണ മത്സരമാണ്.
പത്തു സീറ്റും നിലനിർത്താമെന്ന വിശ്വാസത്തിൽ തന്നെയാണ് എൽ.ഡി.എഫ്. എങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ശക്തമായ പോരാട്ടമാണ് പല മണ്ഡലങ്ങളിലും. ശബരിമലയിലെ കടകംപള്ളിയുടെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമായിട്ടാണ് പാർട്ടി കാണുന്നത്. കൊല്ലം ജില്ലയിലേതു പോലെ ലത്തീൻ സഭ പരസ്യമായി രംഗത്തു വരാത്തതിന്‍റെ ആശ്വാസവും എൽ.ഡി.എഫ്. ക്യാമ്പിനുണ്ട്.
നിലവിൽ മൂന്ന് സീറ്റുള്ള യു.ഡി.എഫ് പത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് അവർ പ്രതീക്ഷ വക്കുന്നത്. സംസ്ഥാനത്ത് ആദ്യം താമര വിരിഞ്ഞത് നേമത്താണ്. പക്ഷേ നേമത്ത് ഇത്തവണ മത്സരം കടുപ്പമാണ്. മുൻ തിരഞ്ഞെടുപ്പുകളി ലെ മുന്നേറ്റം മറ്റിടങ്ങളിൽ വിജയത്തിലേക്ക് നയിക്കുമെന്ന് അവർ പറയുന്നു. ചരിത്രം തിരുത്തുമോ അതോ ചരിത്രം ആവർത്തിക്കുമോ. തെരഞ്ഞെടുപ്പ് അങ്കം ദിനംപ്രതി മുറുകുകയാണ്