വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫിന്‍റെ നയമല്ല; ജോയ്സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രി
|ജോയ്സ് ജോര്‍ജ്ജ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയില്ലെന്നും എം.എം മണി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മുൻ എം.പി ജോയ്‌സ് ജോർജ്ജിന്‍റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫിന്‍റെ നയമല്ലെന്നും രാഷ്ട്രീയമായാണ് രാഹുൽ ഗാന്ധിയെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എറണാകുളം സെന്‍റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോർജ്ജിന്‍റെ പരാമർശം. രാഹുല്‍ ഗാന്ധി പെണ്‍കുട്ടികളുടെ കോളജില്‍ മാത്രമേ പോകുകയുള്ളൂവെന്നും ജോയ്സ് പറഞ്ഞിരുന്നു.
അതേസമയം, ജോയ്സിനെ ന്യായീകരിച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം.എം മണി രംഗത്തെത്തി. ജോയ്സ് ജോര്‍ജ്ജ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയില്ലെന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.