സ്ഥാനാര്‍ഥിക്ക് കോവിഡ്; വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രചരണ വേദികളിലെത്തി കെ.ഐ ആന്റണി
|കോവിഡ് സ്ഥിരീകരിച്ച ശേഷവും ആന്റണി പ്രചരണത്തിനായി പുറത്തിറങ്ങിയതായി യു.ഡി.എഫ് ആരോപിച്ചു
കോവിഡ് സ്ഥിരീകരിച്ചതോടെ പ്രചരണത്തിന് പുതിയ വഴി തേടുകയാണ് തൊടുപുഴയിലെ ഇടത് മുന്നണി സ്ഥാനാർഥി കെ.ഐ ആന്റണി. പ്രചരണ വേദികളിൽ വീഡിയോ കോൺഫറൻസിലൂടെയാണ് കെ.ഐ ആന്റണി പങ്കെടുക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ശേഷവും ആന്റണി പ്രചരണത്തിനായി പുറത്തിറങ്ങിയതായി യു.ഡി.എഫ് ആരോപിച്ചു.
തൊടുപുഴയിലെ സ്ഥാനാർഥികളെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വലച്ചത് കോവിഡ് ആണ്. ആദ്യം യു.ഡി.എഫ് സ്ഥാനാർഥി പി.ജെ ജോസഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ നാളുകളിൽ പ്രചാരണത്തിൽ സജ്ജീവമാകാൻ പി.ജെയ്ക്ക് കഴിഞ്ഞിരുന്നില്ല. യു.ഡി.എഫ് സ്ഥാനാർഥിയുടെ അഭാവത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരു പടി മുന്നിലെത്തുകയും ചെയ്തു.
എന്നാൽ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഇടത് സ്ഥാനാർഥി കെ.ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇനി കോവിഡ് നെഗറ്റീവ് ആയാലും ഒരാഴ്ച നിരീക്ഷണം കൂടി പൂർത്തിയാക്കണമെന്നതിനാൽ പ്രചരണത്തിലെ വിലയേറിയ ദിനങ്ങൾ ആന്റണിക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്. ഇത് പരിഹരിക്കാനാണ് വീഡിയോ കോൺഫറൻസിലൂടെയുള്ള പ്രചാരണത്തിലേക്ക് എൽ.ഡി.എഫ് കടന്നത്.
അതേസമയം കോവിഡ് ആണെന്ന് അറിഞ്ഞ ശേഷവും കെ.ഐ ആന്റണി പ്രചരണത്തിനായി പുറത്ത് ഇറങ്ങിയിരുന്നു എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. എന്നാൽ ആരോപണം എൽ.ഡി.എഫ് നിഷേധിച്ചു. പരിശോധന ഫലം അറിഞ്ഞപ്പോൾ തന്നെ സ്ഥാനാർഥി പരസ്യ പ്രചരണം നിർത്തിവച്ചതായി എൽ.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.