ഇരട്ടവോട്ടുകൾ: ലിസ്റ്റ് പുറത്തുവിട്ട് ചെന്നിത്തല
|www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് രമേശ് ചെന്നിത്തല വിവരങ്ങള്‍ പുറത്ത് വിട്ടത്.
സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.
നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി പ്രതിപക്ഷനേതാവ് ഉന്നയിപ്പോള്‍ 38,586 വോട്ടുകളേ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചത്. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് രമേശ് ചെന്നിത്തല വിവരങ്ങള്‍ പുറത്ത് വിട്ടത്. ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുവഴി ഇരട്ട വോട്ട് തടയാനാകുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.