"ജോസ്.കെ മാണിയെക്കൊണ്ട് ലവ് ജിഹാദിനെക്കുറിച്ച് പറയിക്കുന്നത് പിണറായി വിജയൻ": എം.കെ. മുനീർ
|ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു
ജോസ് കെ മണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എം.എൽ.എ. ലവ് ജിഹാദ് പരാമർശം മുസ്ലീം - ക്രിസ്തീയ സൗഹൃദം തകർക്കാനാണ്. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു. ആർ.എസ്.എസ് - സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
ലവ് ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് -എമ്മിന്റെ നേതാവും പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാർട്ടി അവ അഡ്രസ് ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത് മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ് കെ.മാണി പറഞ്ഞു. പിന്നീട് കേരളത്തിലെ ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അടിവരയിട്ട് സംസാരിച്ചു.
ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപെടെ ജോസിന്റെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്നും ലവ് ജിഹാദ് വിഷയത്തിൽ തനിക്ക് ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ് മലക്കംമറിയുകയായിരുന്നു