Kerala
ഇടതിന്റെ നായർ വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; തെരഞ്ഞെടുപ്പിലെ ജാതി-മത സമവാക്യങ്ങൾ ഇങ്ങനെ
Kerala

ഇടതിന്റെ നായർ വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; തെരഞ്ഞെടുപ്പിലെ ജാതി-മത സമവാക്യങ്ങൾ ഇങ്ങനെ

Web Desk
|
31 March 2021 6:32 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ മുസ്‌ലിം-ക്രിസ്ത്യൻ വോട്ടുബാങ്കിലും വിള്ളലുണ്ടായി

നിയമസഭാ തെരഞ്ഞെടുപ്പിലെ വിധി നിർണയത്തിൽ ജാതി-മത സമുദായങ്ങളുടെ സ്വാധീനം അതിനിർണായകം. ഹിന്ദു സമുദായത്തിലെ നായർ-ഈഴവ വോട്ടുകളുടെയും മുസ്‌ലിം-ക്രിസ്ത്യൻ വോട്ടുകളുടെയും മാറ്റങ്ങൾ ഭരണമാറ്റത്തെ നിർണയിക്കുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു. നായർ സമുദായത്തിനിടയിൽ ബിജെപി വലിയ തോതിൽ സ്വാധീനം നേടിയെടുത്തതായും സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) പഠനം പറയുന്നു. സിഎസ്ഡിഎസ് അടക്കമുള്ള പഠനങ്ങള്‍, പോസ്റ്റ് പോള്‍ സര്‍വേകള്‍ എന്നിവയെ ആധാരമാക്കി ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വോട്ടു വിഭജനം ഇങ്ങനെ

എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പരമ്പരാഗതമായി എല്ലാ മത സമുദായങ്ങളുടെയും വോട്ടു ലഭിക്കാറുണ്ട്. എന്നാൽ ഹിന്ദു വിഭാഗങ്ങൾക്കിടയിലെ വോട്ടാണ് എൻഡിഎയുടെ മുഖ്യബലം. കുറഞ്ഞ തോതിൽ ക്രിസ്ത്യൻ വോട്ടുകളും ബിജെപി ഉൾപ്പെടുന്ന എൻഡിഎയ്ക്ക് കിട്ടാറുണ്ട്.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ 40-45 ശതമാനം നായർ വോട്ടുകളാണ് എൽഡിഎഫിന് കിട്ടിയത്. 30-39 ശതമാനം മുസ്‌ലിം വോട്ടുകളും 27-35 ശതമാനം ക്രിസ്ത്യൻ വോട്ടുകളും ഇടതുപക്ഷത്തിന് കിട്ടി. എന്നാൽ 2006 മുതൽ ഈഴവ വോട്ടുകളിൽ വലിയ ചോർച്ചയും ഇടതിനുണ്ടായി. ഇരുപത് ശതമാനം വരെ വോട്ടുകളുടെ ഇടിവാണ് ഉണ്ടായത്.

നായർ വോട്ടുകൾ ഇങ്ങനെ

2016ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതിന് കിട്ടിയ നായർ വോട്ടുകൾ 45 ശതമാനമായിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് 20 ശതമാനമായി, 25 ശതമാനത്തിന്‍റെ കുറവ്. ലോക്‌സഭയിൽ യുഡിഎഫ് 35 ശതമാനം നായർ വോട്ടുകൾ പിടിച്ചു. 2016ൽ അത് 20 ശതമാനം മാത്രമായിരുന്നു.

നായർ വോട്ടുകൾ ഇടതിന് നഷ്ടമായപ്പോൾ നേട്ടമുണ്ടാക്കിയത് എൻഡിഎയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 43 ശതമാനം നായർ വോട്ടുകളാണ് മുന്നണി നേടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 33 ശതമാനം മാത്രമായിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധവുമാണ് ബിജെപിക്ക് സഹായകരമായത്. പരമ്പരാഗത നായർ വോട്ടുകൾ വരെ സിപിഎമ്മിന് നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി. എന്നാൽ ഈഴവ വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായിട്ടില്ല. 2016ൽ 49 ശതമാനം ഈഴവ വോട്ടുകളാണ് എൽഡിഎഫിന് കിട്ടിയത്. 2019ൽ 45 ശതമാനവും. എൻഡിഎയ്ക്ക് ഈ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 17,21 ശതമാനം വോട്ടാണ് ലഭിച്ചത്.

മുസ്‌ലിം-ക്രിസ്ത്യൻ വോട്ടുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ മുസ്‌ലിം-ക്രിസ്ത്യൻ വോട്ടുബാങ്കിലും വിള്ളലുണ്ടായി. 2016ൽ 35 ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചെങ്കിൽ 2019ൽ അത് 25 ആയി ചുരുങ്ങി. മുസ്‌ലിം വോട്ടുകളിൽ നാലു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2016ൽ 34 ശതമാനവും 2019ൽ 30 ശതമാനവും.

ഗ്രാഫിക്സ് കടപ്പാട്, ദ ഹിന്ദു

യുഡിഎഫിനാണ് അത് ഗുണകരമായത്. 2016ൽ 51 ശതമാനം വോട്ടു മാത്രമാണ് ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് യുഡിഎഫിന് കിട്ടിയത് എങ്കിൽ 2019ൽ അത് 70 ശതമാനമായി വർധിച്ചു. മുസ്‌ലിം വോട്ട് ഓഹരി 58 ൽ നിന്ന് 65 ശതമാനമായി വർധിക്കുകയും ചെയ്തു.

2016ൽ എൻഡിഎയ്ക്ക് ഒമ്പത് ശതമാനം ക്രിസ്ത്യന്‍ വോട്ടു കിട്ടിയിരുന്നു എങ്കിൽ ലോക്‌സഭയിൽ അത് രണ്ടു ശതമാനത്തിലേക്ക് ചുരുങ്ങി. രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവമാണ് ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് പോകാനുണ്ടായ സാഹചര്യം.

യുഡിഎഫിന്റെ ഈഴവ വോട്ടുകൾക്ക് ഇളക്കം തട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്. 2016ലും 2019ലും 28 ശതമാനം ഈഴവ വോട്ടുകളാണ് യുഡിഎഫിന് കിട്ടിയത്. 2011ൽ ഇത് 26 ശതമാനമായിരുന്നു.

വേരോട്ടമുണ്ടാക്കുന്ന എൻഡിഎ

ക്രമാനുഗതമായി എൻഡിഎ വോട്ടു വർധിപ്പിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പുകളിലെ കാഴ്ച. 2016ൽ 33 ശതമാനം നായർ വോട്ടുകളാണ് എൻഡിഎയ്ക്ക് കിട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് 43 ശതമാനമാക്കി വർധിപ്പിച്ചു. ഈഴവ വോട്ടുകൾ 17ൽ നിന്ന് 21 ശതമാനമാക്കി ഉയർത്തി. അതേസമയം, ക്രിസ്ത്യൻ മത ന്യൂനപക്ഷ വോട്ടുകൾ എൻഡിഎയ്ക്ക് നഷ്ടമായി. 2016ൽ ഒമ്പത് ശതമാനം ക്രിസ്ത്യൻ വോട്ടാണ് കിട്ടിയത് എങ്കിൽ 2019ൽ അത് രണ്ടു ശതമാനത്തിലേക്ക് ചുരുങ്ങി. നിലവിൽ ലൗ ജിഹാദ് അടക്കമുള്ള വിവാദ വിഷയങ്ങൾ ഉയർത്തി പരമാവധി ക്രിസ്ത്യൻ വോട്ടുകൾ പിടിക്കുകയെന്ന നിലപാടിലാണ് ബിജെപി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts