കൊട്ടിക്കലാശം നടത്തില്ല.. വേറിട്ട പ്രഖ്യാപനവുമായി മാണി സി കാപ്പന്
|താന്‍ കൊട്ടിക്കലാശം നടത്തുന്നില്ലെന്നും ആ പണം ജനോപകാരത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം വന്‍ ആഘോഷമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും മത്സരിക്കാറുണ്ട്. എന്നാല്‍ കൊട്ടിക്കലാശം സംബന്ധിച്ച് വ്യത്യസ്തമായ ഒരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്. താന്‍ കൊട്ടിക്കലാശം നടത്തുന്നില്ലെന്നും ആ പണം ജനോപകാരത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.
മാണി സി കാപ്പന് പറഞ്ഞതിങ്ങനെ..
"ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണ ഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാർഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം.
പതിവിന് വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധ വാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി അതിനു ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്ന് വിനീതമായി അഭ്യർഥിക്കുന്നു".