'കുലംകുത്തി': ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍
|ജോസ് കെ മാണി കുലംകുത്തി ആണെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പാലാ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകൾ. ജോസ് കെ മാണി കുലംകുത്തി ആണെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പാലാ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളും സിപിഎം പ്രതിനിധികളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജോസ് കെ മാണി എന്ന കുലം കുത്തിയെ തിരിച്ചറിയുക, പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. പാലാ നഗരത്തിലും പള്ളികളുടെ അടക്കം മുന്നിലും പോസ്റ്ററുകള്‍ പതിച്ചത്. അതേസമയം പോസ്റ്ററുകള്‍ കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റി. അതേസമയം പാലാ നഗരസഭയിലെ തമ്മിലടി വ്യക്തിപരമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇന്നലെ തന്നെ പ്രശ്നങ്ങൾ പരിഹരിച്ചു. തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും പാലായിൽ സിപിഎംമ്മും കേരള കോൺഗ്രസും ഒറ്റക്കെട്ടാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിനിടെയാണ് പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി നടന്നത്. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് ഇരു പാർട്ടികളും തമ്മിലുള്ള അസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കൾ നോക്കി കാണുന്നത്. ഇതിനിടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.