വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു
|പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
വാളയാർ സഹോദരിമാരുടെ ദുരൂഹ മരണ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. പാലക്കാട് പ്രത്യേക പോക്സോ കോടതിയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്ഐആര്‍ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. നിലവിൽ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തിൽ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും. കൊലപാതക സാധ്യത ഉൾപ്പടെ ഉള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് സാധ്യത. പെൺകുട്ടികളുടെ അമ്മ ഉൾപ്പടെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കുടുംബ അംഗങ്ങളുടെ മൊഴി എടുക്കുക. 3 പ്രതികൾ നിലവിൽ ജയിലിലാണ് ഉള്ളത്