അരൂരിൽ കന്നിയങ്കത്തിനിറങ്ങി നടി പ്രിയങ്ക
|ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയിലൂടെയാണ് പ്രിയങ്കയുടെ വരവ്.
സുരേഷ് ഗോപി, മുകേഷ്, ധര്‍മജൻ, ഗണേഷ്കുമാർ തുടങ്ങിയ ചലച്ചിത്ര താരങ്ങളൊക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ മറ്റൊരു സിനിമ താരം കൂടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്. കേരളത്തിലെ ശ്രദ്ധേയ മണ്ഡലമായ അരൂരിലാണ് താരം കന്നി അങ്കത്തിനിറങ്ങിയിരിക്കുന്നത്. നടി പ്രിയങ്ക അനൂപാണ് അരൂരിൽ കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നത്.
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയങ്കയാണ് ടെലിവിഷന്‍ ചിഹ്നത്തില്‍ ഇക്കുറി അരൂരില്‍ ജനവിധി തേടുന്നത്. ജനങ്ങള്‍ക്ക് പ്രിയങ്കരിയാകുമെന്ന ആത്മവിശ്വാസം കൈമുതലാക്കിയാണ് കന്നിയങ്കം.
എല്‍ഡിഎഫിന്‍റെ ദെലീമ ജോജോയും യുഡിഎഫിന്‍റെ ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎയുടെ അനിയപ്പനും അവസാനഘട്ട പ്രചാരണത്തിലെത്തി നില്‍ക്കുമ്പോഴാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രിയങ്കയുടെ വരവ്. വൈകിയാണ് പ്രചാരണം ആരംഭിച്ചതെങ്കിലും തെല്ലും ആശങ്കയില്ലെന്നാണ് താരം.
അരൂർ മണ്ഡലത്തിൽ ഇക്കുറി നാല് വനിതകൾ ഉൾപ്പടെ ഒൻപതു പേരാണ് മത്സരരംഗത്തുള്ളത്.