Kerala
ഇരട്ട വോട്ട്; ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും 
Kerala

ഇരട്ട വോട്ട്; ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും 

Web Desk
|
2 April 2021 1:37 PM GMT

വ്യാജ വോട്ടറെന്ന പേരിൽ അപമാനിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ കണ്ണൂരിലെ ഇരട്ട സഹോദരങ്ങളും. വ്യാജ വോട്ടറെന്ന പേരിൽ അപമാനിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സഹോദരങ്ങള്‍ പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കി. കണ്ണൂർ കുറ്റ്യാട്ടൂരിലെ ജിതിനും, ജിഷ്ണുവും കയരളത്തെ സ്നേഹയും ശ്രേയയുമാണ് പരാതി നൽകിയത്.

ഇരട്ട വോട്ട് പട്ടികയില്‍ കഴക്കൂട്ടം മണ്ഡലത്തിലെ ഇരട്ട സഹോദരങ്ങളും ഉള്‍പ്പെട്ടിരുന്നു. വലിയ വേളി സ്വദേശികളായ ലിന്‍ ആര്‍. പെരേരയും ലിനി ആര്‍. പെരേരയുമാണ് പട്ടികയിലുണ്ടായിരുന്നത്. പട്ടികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ലിന്നിന്‍റെയും ലിനിയുടെയും തീരുമാനം.

അതേസമയം, സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധാരണ നടപടിയാണ് സ്വീകരിച്ചത്. വോട്ടർപട്ടികയിലെ ക്രമക്കേട് കണ്ടെത്താൻ ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്കയച്ചു. ബീഹാർ സി.ഇ.ഒ എച്ച്.ആർ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്. ഒരു സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർ മറ്റൊരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നത് അപൂർവമാണ്.

കമ്മീഷന്‍റെ ഐ.ടി സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. 26ന് തിരുവനന്തപുരത്തെത്തിയ സംഘം വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പരിശോധന തുടരുകയാണ്. ജില്ലാ കലക്ടർമാർ വഴി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരിശോധനയിൽ 38,000 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിൽ ഇത് നാലരലക്ഷത്തിലധികമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts