യു.ഡി.എഫും എൽ.ഡി.എഫും ഇരട്ട സഹോദരങ്ങൾ, കമ്മ്യൂണിസ്റ്റും കോൺഗ്രസും ലയിച്ച് 'കോമറേഡ് കോൺഗ്രസ് പാര്‍ട്ടി'യെന്ന് പേരിടാം; നരേന്ദ്രമോദി
|കേരളത്തിൽ ഭരണഹർത്താല്‍, ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബി.ജെ.പി മാത്രമേയുള്ളൂ.
കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ നവോത്ഥാനത്തിന്‍റെ നഗരമാണ് തിരുവനന്തപുരമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പദ്മനാഭസ്വാമി, ആറ്റുകാൽ, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളും അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, രാജാ രവിവർമ, സ്വാതി തിരുനാള്‍, മാർത്താണ്ഡവർമ എന്നിവരെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മധുരയിലായിരുന്നു ഇന്ന് എന്‍റെ ആദ്യ തെരഞ്ഞെടുപ്പ് റാലി. പിന്നീട് അയ്യപ്പന്‍റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്നാട്ടിലെ കടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബി.ജെ.പി ആദ്യമായി നിയമസഭയിൽ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലും വന്‍ തോതില്‍ എൻ.ഡി.എ അനുകൂലതരംഗമുണ്ടെന്നും മോദി പറഞ്ഞു.
വികസനത്തിന് ബദലായി കേരളം കണക്കാക്കുന്നത് ബി.ജെ.പിയെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി ബി.ജെ.പിയെ അനുഗ്രഹിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടകളെപ്പോലെയാണ്. ദുർഭരണം, അക്രമം, അഴിമതി, ജാതി, വർഗീയത, പ്രീണനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഒരുപോലെയാണ് ഇടതും വലതും. ബി.ജെ.പിക്കെതിരെ ഇടതും കോൺഗ്രസും പലയിടത്തും ഒരുമിച്ചാണ്. ഇതിനെ സി.സി.പി അഥവ 'കോൺഗ്രസ് കൊമ്രേഡ് പാർട്ടി' എന്നു വിളിക്കാമെന്നും മോദി പറഞ്ഞു.
യു.ഡി.എഫിന് ഇടതിനെ നേരിടാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് ഇത്ര പിന്തുണ വർദ്ധിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ശബരിമലയിൽ അയ്യപ്പഭക്തരെ ലാത്തി കൊണ്ട് നേരിട്ടതിന്‍റെ ബുദ്ധികേന്ദ്രം മന്ത്രി കടകംപള്ളിയാണന്നും മോദി പറഞ്ഞു.
എൻ.ഡി.എയ്ക്ക് പിന്തുണ കൂടുന്നത് യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നുമാണ്. യു.ഡി.എഫിനൊപ്പം ഒരിക്കലും പ്രൊഫഷണലുകൾ എത്തില്ല. എ- ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തമ്മിലടിയിലാണ് നമ്പി നാരായണന്‍റെ ജീവിതം താറുമാറായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മെട്രോമാൻ ഇ. ശ്രീധരനെ എൻ.ഡി.എ ബഹുമാനിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകിയ ഇ. ശ്രീധരന് കേരളത്തെ സേവിക്കാൻ എൻ.ഡി.എ വേദി നൽകി. കേരളത്തിൽ ഭരണഹർത്താലാണ്. ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബി.ജെ.പി മാത്രമേയുള്ളൂവെന്നും മോദി അഭിപ്രായപ്പെട്ടു.
ഇടതുസർക്കാർ പരാജയമാണ്. കേന്ദ്രം നൽകിയ സഹായം പോലും അവർ കൃത്യമായി വിനിയോഗിച്ചില്ല. ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ വേണ്ട തരത്തിൽ വിനിയോഗിക്കാത്ത സർക്കാരാണിതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോന്നിയിലെ പ്രചാരണ പരിപാടിയ്ക്ക് ശേഷമാണ് മോദി കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്.