Kerala
പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നോ: കേന്ദ്ര ഏജൻസികൾക്ക് എതിരെ കേരളം കേസെടുത്തതിനെ പരിഹസിച്ച് നിര്‍മല സീതാരാമന്‍
Kerala

പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നോ: കേന്ദ്ര ഏജൻസികൾക്ക് എതിരെ കേരളം കേസെടുത്തതിനെ പരിഹസിച്ച് നിര്‍മല സീതാരാമന്‍

Web Desk
|
3 April 2021 6:28 AM GMT

ഭദ്രകാളി അതിൻറെ ജോലി ചെയ്യുമെന്നും പിശാചിന് മടങ്ങി പോകേണ്ടി വരുമെന്നും കേന്ദ്രമന്ത്രി

കേന്ദ്ര ഏജൻസികൾക്കെതിരായി സംസ്ഥാന സർക്കാർ എടുത്ത കേസുകളെയും അന്വേഷണത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഭദ്രകാളിയെ പിടിക്കാൻ പിശാച് വരുന്നത് പോലെയാണ് കേരളം കേന്ദ്രത്തിനെതിരെ തിരിയുന്നത്. ഭദ്രകാളി അതിൻറെ ജോലി ചെയ്യുമെന്നും പിശാചിന് മടങ്ങി പോകേണ്ടി വരുമെന്നും നിർമല മലപ്പുറത്ത് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പങ്കാളിയായി എന്ന ആരോപണമാണ് വരുന്നത്. അന്വേഷണം നടക്കുമ്പോൾ കേന്ദ്രത്തിന് എതിരെ അന്വേഷിക്കും എന്നാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പറയുന്നത്. വിദേശ ശക്തികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതിനാൽ കേന്ദ്രം സ്വാഭാവികമായും അന്വേഷിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏറ്റവും കൂടുതൽ കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമെന്നും ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. എൽഡിഎഫ് - യുഡിഎഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അക്രമവും അഴിമതിയും പ്രീണനവുമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

500 വർഷം തപസ്സ് ഇരുന്നാൽ പോലും ശബരിമല അയ്യപ്പനെതിരെ പ്രവർത്തിച്ച മന്ത്രിക്ക് ശാപമോക്ഷം കിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രനെ പേരെടുത്ത് പറയാതെ നിർമ്മല വിമർശിച്ചു.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനായാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ മലപ്പുറത്തെത്തിയത്. എപി അബ്ദുള്ളക്കുട്ടിയുൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts