'ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല'; അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്
|കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.
"ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണം" എന്നാണ് ആരിഫ് പറഞ്ഞത്.
യുഡിഎഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് തന്നെ വൈറലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച് അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന സ്ഥാനാര്‍ഥിയെ എംപി പരിഹസിച്ചെന്ന് യുഡിഎഫ് അനുകൂലികള്‍ വിമര്‍ശിക്കുന്നു. എംപിയുടെ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.