മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും; 'ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല'
|മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി ഉമ്മൻചാണ്ടിയും രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു
മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ എൽ.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തലയും. യു.ഡി.എഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടർഭരണത്തിന് വേണ്ടി സി.പി.എം ബി.ജെ.പിയുമായി കൈകോർക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സി.പി.എം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി ഉമ്മൻചാണ്ടിയും കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തയുടെ പ്രതികരണവും പുറത്തുവരുന്നത്.
ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ചത് ആരുടെയും പിന്തുണ ഇല്ലാതെയാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ വാക്കുകൾ അംഗീകരിക്കുന്നില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.