കോവിഡ്; തെരഞ്ഞെടുപ്പിൽ ഗൾഫ് പ്രവാസികളുടെ പങ്കാളിത്തം കുറയും
|കോവിഡ് പ്രതിസന്ധിയും മറ്റും കാരണം യു.എ.ഇക്കു പുറമെ മറ്റൊരു ഗൾഫ് രാജ്യത്തു നിന്നും ഇക്കുറി വോട്ടുവിമാനങ്ങളില്ല
നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൾഫ് പ്രവാസികളുടെ പങ്കാളിത്തം നന്നെ കുറയും. കോവിഡ് പ്രതിസന്ധിയും മറ്റും കാരണം യു.എ.ഇക്കു പുറമെ മറ്റൊരു ഗൾഫ് രാജ്യത്തു നിന്നും ഇക്കുറി വോട്ടുവിമാനങ്ങളില്ല. ഇത് യു.ഡി.എഫിനാകും കൂടുതൽ തിരിച്ചടിയാവുക.
2016ലെ നിയമസഭാ തെരഞെടുപ്പ് വേളയിൽ കെ.എം.സി.സി മുൻകൈയെടുത്ത് ഡസനിലേറെ വോട്ടുവിമാനങ്ങളാണ് പറന്നത്. ഇക്കുറി യു.എ.ഇയിൽ നിന്ന് രണ്ട് വോട്ടുവിമാനങ്ങൾ മാത്രമായി അതു ചുരുങ്ങി. തൊഴിൽപരമായ അനിശ്ചിതത്വവും മറ്റും കാരണം നല്ലൊരു ശതമാനം പാർട്ടി അനുഭാവികൾ പോലും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിക്ക് തുണയാകേണ്ട പ്രവാസി വോട്ടുകളിലാണ് ഇത് തിരിച്ചടിയാവുക.
അതേസമയം പ്രവാസലോകത്തിരുന്ന് മുന്നണി സ്ഥാനാർഥികൾക്കു വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമാണ് മലയാളി കൂട്ടായ്മകൾ. ബാച്ചിലർ മുറികളിലും മലയാളി കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ചർച്ച. കൂത്തുപറമ്പ് ഉൾപ്പെടെ ആറോളം മണ്ഡലങ്ങളിൽ പ്രവാസലോകവുമായി അടുത്ത ബന്ധമുള്ളവരാണ് സ്ഥാനാർഥികളെന്ന പ്രത്യേകത കൂടിയുണ്ട് ഇക്കുറി.