പൈപ്പിൽ വെള്ളമില്ലെന്ന് എം.ബി. രാജേഷ് ; പൈപ്പ് തുറന്ന് വെള്ളം കുടിച്ച് വി.ടി. ബൽറാം
|മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പൈപ്പ് തുറന്ന് രാജേഷ് അതിൽ വെള്ളമില്ലെന്ന് കാണിച്ചു കൊടുത്തായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനശ്രദ്ധയാകർഷിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ തൃത്താല. കോൺഗ്രസിന്റെ യുവസാരഥികളിൽ മുന്നിൽ നിൽക്കുന്ന വി.ടി. ബൽറാമിന്റെ സിറ്റിങ് സീറ്റായ തൃത്താലയിൽ സിപിഎമ്മിനും വേണ്ടി എം.ബി. രാജേഷ് കൂടി എത്തിയതോടെ പോര് മുറുകയായിരുന്നു.
പ്രചരണത്തിന്റെ അവസാനദിനമായ ഇന്ന് എം.ബി. രാജേഷ് ഒരു പൈപ്പ് തുറന്ന് വിവാദത്തിൽ പെട്ടിരിക്കുകയാണ്. മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പൈപ്പ് തുറന്ന് രാജേഷ് അതിൽ വെള്ളമില്ലെന്ന് കാണിച്ചു കൊടുത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നീട് അതേ സ്ഥലത്തെത്തി വി.ടി. ബൽറാം പ്രദേശവാസിയെ കൊണ്ടുതന്നെ പൈപ്പ് തുറന്ന് അതിൽ വെള്ളമുണ്ടെന്ന് തെളിയിച്ച് രാജേഷിന്റെ ആരോപണം പൊളിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ യു.ഡി.എഫ് അനുയായികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പിന്നാലെ ബൽറാം ഫേസ്ബുക്കിൽ ക്രോണിക്ക് ബാച്ചിലർ സിനിമയിലെ ഇന്നസെന്റ് ടാപ്പ് തുറക്കുന്ന ചിത്രം പങ്കുവച്ച് രാജേഷിനെ പരിഹസിച്ചു. സംഭവത്തിൽ എം.ബി. രാജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.