Kerala
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സന്ദീപ് നായരെ ഇ.ഡി ഭീഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സന്ദീപ് നായരെ ഇ.ഡി ഭീഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Web Desk
|
5 April 2021 1:07 PM GMT

അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ പ്രതി സന്ദീപ് നായരെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്. ഇതിന് ഇ.ഡി കൃത്രിമ തെളിവുണ്ടാക്കിയതായി സന്ദീപ് മൊഴി നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

എന്‍ഫോഴ്സ്മെന്‍റിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി നല്‍കിയ അപേക്ഷയിലാണ് ഇ.ഡിക്കെതിരെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി കൃത്രിമ തെളിവുണ്ടാക്കിയെന്നും സന്ദീപ് മൊഴി നല്‍കി.

സന്ദീപിന്‍റേത് ഗൗരവമേറിയ മൊഴിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൌലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ചിനെതിരെ കോടതിയില്‍ ഇഡി നിലപാടെടുത്തെങ്കിലും സന്ദീപിന്‍റെ മൊഴി ഇഡിക്ക് തിരിച്ചടിയാകും. രഹസ്യമൊഴിയിലും സന്ദീപ് നിലപാട് ആവര്‍ത്തിച്ചാല്‍ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് നീക്കം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts