കെ. മുരളീധരന്‍റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു; നേമത്ത് ബിജെപി - കോൺഗ്രസ് സംഘർഷം
|വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞത്.
നേമത്ത് ബിജെപി-കോൺഗ്രസ് സംഘർഷം. ബിജെപി പ്രവർത്തകർ കെ. മുരളീധരന്‍റെ വാഹനം തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞത്. ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി-ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. നേമത്തെ വോട്ടർമാർ മറുപടി നൽകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
നിശബ്ദ പ്രചാരണത്തിന്‍റെ ഭാഗമായി കെ. മുരളീധരന്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രിയില്‍ രഹസ്യമായി പണം നല്‍കാന്‍ എത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ട്. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീറിന്‍റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.