"നമ്മുടെ പരിശ്രമം പാഴാവില്ലെന്നുറപ്പാണ്"; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
|ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദമായി നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
"ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്," എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ തുടക്കം.
ജനാധിപത്യ മൂല്യങ്ങളും വർഗീയ- അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി കുറിച്ചു.
നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.