Kerala
ഉറപ്പാണ് എല്‍.ഡി.എഫ്, ഉറപ്പാണ് തൃത്താല: എം.ബി രാജേഷ്
Kerala

'ഉറപ്പാണ് എല്‍.ഡി.എഫ്, ഉറപ്പാണ് തൃത്താല': എം.ബി രാജേഷ്

Web Desk
|
6 April 2021 4:24 PM GMT

സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. നിലവിലെ എം.എല്‍.എയും കോണ്‍ഗ്രസിന്റെ കരുത്തുറ്റ യുവനേതാവുമായ വിടി ബല്‍റാമിനെയാണ് എംബി രാജേഷ് നേരിടുന്നത്.

വോട്ട് ചെയ്ത തൃത്താലയിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എം.ബി രാജേഷ്. എല്ലാ കുതന്ത്രങ്ങളെയും നേരിട്ട് നിശ്ചയദാർഢ്യത്തോടെ, വിശ്രമമില്ലാതെ ഒരു മാസം പ്രവർത്തിച്ച മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകരോട്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരോടുള്ള കടപ്പാട് വാക്കുകളിൽ തീരില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ രാജേഷ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. നിലവിലെ എം.എല്‍.എയും കോണ്‍ഗ്രസിന്റെ കരുത്തുറ്റ യുവനേതാവുമായ വിടി ബല്‍റാമിനെയാണ് എംബി രാജേഷ് നേരിടുന്നത്. നേരത്തെ മണ്ഡലത്തിലെ കുടിവെള്ളം സംബന്ധിച്ച വാക്പോര് ശ്രദ്ധ നേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത തൃത്താലയിലെ എല്ലാ വോട്ടർമാർക്കും നന്ദി. ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃത്താലയിലെ ജനങ്ങൾ എന്നോട് കാട്ടിയ സ്നേഹവായ്പ് നിസ്സീമമാണ്. ആബാലവൃദ്ധം ജനങ്ങളുടെ സ്നേഹപ്രകടനങ്ങൾ ഈ കടുത്ത വേനലിൽ വലിയ ഊർജമാണ് നൽകിയത്. എല്ലാ കുതന്ത്രങ്ങളെയും നേരിട്ട് നിശ്ചയദാർഢ്യത്തോടെ, വിശ്രമമില്ലാതെ ഒരു മാസം പ്രവർത്തിച്ച മണ്ഡലത്തിലെ എൽ ഡി എഫ് പ്രവർത്തകരോട്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രിയ സഖാക്കളോടുള്ള കടപ്പാട് വാക്കുകളിൽ തീരില്ല.

തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞു. പൊള്ളയായ വാക്കുകൾ കൊണ്ട് നാളുകൾ നീക്കുന്നവർക്ക് മറുപടി പറയേണ്ടി വന്നു. ഗുരുതരമായ വികസന മുരടിപ്പ് ചർച്ച ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങൾ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ മുന്നിൽ നിന്ന് ചെറുത്തു.

തൃത്താലയിലെ ജനങ്ങൾക്കു പുറമേ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകർ പിന്തുണയുമായി രംഗത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേർ പിന്തുണയുമായി എത്തി. അവരെയെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസന പ്രശ്നങ്ങളുമാണ് ചർച്ചയാക്കാൻ ശ്രമിച്ചത്. മറുപടിയായി കിട്ടിയത് വ്യക്തിപരമായ അധിക്ഷേപമാണ്. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് മറികടക്കാൻ കഴിഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളത്.

ഉറപ്പാണ് LDF

ഉറപ്പാണ് തൃത്താല

ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹത്തോടെ

എം ബി രാജേഷ്

Related Tags :
Similar Posts