അയ്യപ്പനും എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ്: പിണറായി വിജയന്‍
|''ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല''
അയ്യപ്പനും എല്ലാ ദൈവഗണങ്ങളും വിശ്വാസി സമൂഹവും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാരാണ് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും സംരക്ഷിച്ച് നിര്‍ത്തിയത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരുടെ കൂടെയാണ് എല്ലാ കാലത്തും ദൈവങ്ങള്‍ നിലനില്‍ക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും പയറ്റിനോക്കിയത്. ആ ഫലത്തിന്‍റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ദുരാരോപണങ്ങളെ ജനം തള്ളും.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ കരുതിവച്ചിരുന്ന ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. ഏതിനെയും നേരിടാന്‍ ജനങ്ങള്‍ സജ്ജമായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അയ്യപ്പനും മറ്റെല്ലാ ദൈവങ്ങളും വിശ്വാസി സമൂഹവും സർക്കാറിനൊപ്പമാണ്. ജനങ്ങളില്‍ പൂർണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍.