''അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം'': വോട്ടെടുപ്പ് ദിവസം ചർച്ചയായി ശബരിമല വിവാദം
|ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്
വോട്ടെടുപ്പ് ദിവസം സജീവ ചർച്ചയായി ശബരിമല വിവാദം. ശബരിമല വിഷയം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
ജി. സുകുമാരൻ നായർ
ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടെതെന്നും എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എൻ. എസ്. എസ് കോളേജ് പ്രിൻസിപ്പളും മകളുമായ സുജാതയ്‌ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
പിണറായി വിജയന്
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽ.ഡി.എഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി
കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥ എന്തെന്ന് ജനങ്ങള്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഉമ്മൻചാണ്ടി പറഞ്ഞു.
എ.കെ ആന്‍റണി
മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
തോമസ് ഐസക്
ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകില്ല. അതിന് ശേഷം പുഴകളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി ജനങ്ങൾ അന്വേഷിക്കുന്നത് ആരാണ് മുടക്കം കൂടാതെ പെൻഷനും കിറ്റും ആശുപത്രിയും റോഡും നൽകിയതെന്നാണെന്ന് തോമസ് ഐസക് പറഞ്ഞു.
കിഫ്ബി തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനങ്ങൾക്കറിയാം. മൂന്ന് മന്ത്രിമാരെ മാറ്റി നിർത്താനുള്ള തന്റേടവും ആത്മവിശ്വാസവും കാണിച്ചത് ഇടതുമുന്നണിയാണെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്‍
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്‍റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്‍റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന്‍ പറഞ്ഞു.
ശശി തരൂര്‍
ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂര്‍ എം.പി. അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കെ. സുധാകരന്‍
ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ലെന്നായിരുന്നു പിണറായി വിജയന് കെ സുധാകരന്‍റെ മറുപടി. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു.
എം.എ ബേബി
എന്‍.എസ്.എസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടും. അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവർക്ക് മുന്നിലല്ല എന്നും എംഎ ബേബി പറഞ്ഞു.
പ്രതിപക്ഷം ഹീനമായ നുണകൾ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നും ദൈവഗണങ്ങൾക്ക് വോട്ടുണ്ടെങ്കിൽ അത് ഇടതു പക്ഷത്തിനാകും എന്നും എം.എ ബേബി പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.