27ാം തവണയും ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു
|എസ് എൻ സി ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.
എസ് എൻ സി ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. ഊർജ്ജ വകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് നൽകിയ കത്ത് പരിഗണിച്ചാണ് ഹരജി പരിഗണിക്കുന്നത് സുപ്രീംകോടത് രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയാണ് ഫ്രാൻസിസിന്‍റെ അഭിഭാഷകൻ കത്ത് നല്‍കിയിട്ടുള്ളത്.
എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോൾ ഓരോ കക്ഷികളും മാറ്റിവയ്ക്കാൻ വേണ്ടി ആവശ്യപ്പെടുന്നു എന്ന് വി എം സുധീരന് വേണ്ടി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇനി ഹരജി മാറ്റി വയ്ക്കാൻ കേസിലെ ഒരു കക്ഷിയും ആവശ്യപ്പെടരുത് എന്ന് എടുത്തുപറഞ്ഞാണ് സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിൻ ഹരജികൾ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.
രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.