Kerala
സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ; വെള്ളാപ്പള്ളി നടേശന്‍
Kerala

"സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ"; വെള്ളാപ്പള്ളി നടേശന്‍

Web Desk
|
6 April 2021 10:02 AM GMT

"വോട്ടെടുപ്പ് ദിവസമല്ല അദ്ദേഹം അഭിപ്രായം പറയേണ്ടത്. അത് നേരത്തെയാകാമായിരുന്നു"

ഭരണമാറ്റം വേണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ടെടുപ്പ് ദിവസമല്ല അദ്ദേഹം അഭിപ്രായം പറയേണ്ടത്. അത് നേരത്തെയാകാമായിരുന്നെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നുമായിരുന്നു ജി. സുകുമാരൻ നായരുടെ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടെതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുകുമാരന്‍ നായര്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്, അത് അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശക്തമായ തൃകോണ മത്സരമാണ് കേരളത്തിൽ നടക്കുന്നത്. എസ്.എന്‍.ഡി.പി ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തുടർ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് കൂടുതല്‍ സീറ്റ് നേടുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts