ഫോബ്സ് അതിസമ്പന്ന പട്ടികയില്‍ പത്ത് മലയാളികള്‍; ഒന്നാമന്‍ എം.എ യൂസഫലി
|ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി.
2021ൽ ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്ത ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികളും. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളര്‍ വീതം), എസ്.ഡി ഷിബുലാൽ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളര്‍), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), ടി.എസ് കല്യാണരാമൻ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.
കഴിഞ്ഞ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നുവെന്ന് ഫോബ്‌സ് അറിയിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും എച്ച്.സി.എൽ സ്ഥാപകൻ ശിവ് നടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്.
ഇവരുടെയെല്ലാം സമ്പത്ത് ചേർത്താൽ കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടി വർധിച്ചുവെന്നാണ് ഫോബ്സ് വ്യക്തമാക്കുന്നത്. ആരോഗ്യമേഖലയിലെ നിക്ഷേപത്തിലൂടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 12.7 ബില്യൺ ഡോളറാണ് പൂനാവാലയുടെ ആസ്തി. ഇവർക്ക് പുറമെ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്മി മിത്തൽ എന്നിവരും പട്ടികയിലുണ്ട്.