'പെരിങ്ങത്തൂരില്‍ ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം'; എം വി ജയരാജനും പി ജയരാജനും അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
|ലീഗ് നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നുവെന്ന് എം വി ജയരാജന്‍
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഇന്നലെ അക്രമം നടന്ന പ്രദേശങ്ങള്‍ സിപിഎം നേതാക്കളായ പി ജയരാജനും എം വി ജയരാജനും സന്ദര്‍ശിച്ചു. പെരിങ്ങത്തൂരിൽ ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
പെരിങ്ങത്തൂരില്‍ സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കാണ് ഒരു സംഘം ഇന്നലെ രാത്രി തീയിട്ടത്. സിപിഎം അനുഭാവികളുടെ കടകൾക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ആ സമാധാനാന്തരീക്ഷമാണ് തകര്‍ന്നത്. അക്രമം പടരാതിരിക്കാന്‍ ഇന്ന് കലക്ടര്‍ സമാധാന യോഗം വിളിച്ചിട്ടുണ്ട്.
അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം എം വി ജയരാജന്‍ പ്രതികരിച്ചതിങ്ങനെ-
കൊലപാതകം ദൌര്‍ഭാഗ്യകരമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പക്ഷേ അതിന്‍റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്‍റെ ക്രിമിനലുകള്‍ നടത്തിയത്. സിപിഎമ്മിന്‍റെ 8 ഓഫീസുകളും വായനശാലകളും ചില കടകളും വീടുകളുമാണ് തകര്‍ത്തത്. നാട്ടില്‍ സാധാരണ ജീവിതം ദുസ്സഹമാക്കുന്ന തരത്തിലായിരുന്നു അക്രമം. ലീഗ് നേതൃത്വം കുറ്റകരമായ മൌനത്തിലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
അതിനിടെ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.