കണ്ണൂരിലെ സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി
|മന്‍സൂറിന്റെ സഹോദരന് മുഹ്സിന് ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍
കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
വൈകാരികമായാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ഉമ്മയുടെയും ഉപ്പയുടെയും മുന്നിലിട്ടാണ് 21 വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയത്. മന്‍സൂറിന്റെ സഹോദരന് മുഹ്സിന് ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് മുതല്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
'കണ്മുന്നിലുണ്ടായിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ല'
കണ്മുന്നിലുണ്ടായിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി ആരോപിച്ചു. കൊലയാളികളെ പിടിക്കാൻ എല്ലാ തെളിവും നൽകിയിട്ടും പേരും വിലാസവും നൽകിയിട്ടും പൊലീസ് ചെറുവിരൽ അനക്കിയില്ലെന്ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവി പറഞ്ഞു.
മൻസൂറിന്റെ കൊലപാതക കേസില്‍ ഷിനോസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഷിനോസ്. ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല സഹോദരന് മുഹ്സിനെയാണെന്നാണ് ഷിനോസ് പൊലീസിനോട് പറഞ്ഞത്.
അതേസമയം പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് യുഡിഎഫിന്റെ പരാതി.
സമാധാന ചര്‍ച്ച ബഹിഷ്കരിച്ചത് തെറ്റെന്ന് സിപിഎം
സമാധാന ചർച്ച ബഹിഷ്കരിച്ച യുഡിഎഫ് നിലപാട് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഇത് ശരിയാണോ എന്ന് നേതൃത്വം പരിശോധിക്കണം. സമാധാനം സ്ഥാപിക്കാനായി ജില്ലാ ഭരണകൂടമെടുക്കുന്ന തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു. കൊലയാളികളേയും കലാപത്തിന് ആഹ്വാനം ചെയ്തവരെയും പൊലീസ് പിടികൂടണമെന്നും. സമാധാനം പുനസ്ഥാപിക്കാൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം വി ജയരാജന് പറഞ്ഞു.
കണ്ണൂരിലെ സമാധാനം പുനസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കലക്ടർ ടി വി സുഭാഷ് പ്രതികരിച്ചു. യുഡിഎഫിന്റെ ആവശ്യത്തിന് പ്രത്യേക പരിഗണന നൽകും. ആയുധധാരികളായ ആളുകളാണ് ആക്രമണത്തിന് പിന്നിൽ. പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ച് പ്രത്യേകം സമാധാന ചർച്ച സംഘടിപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.