Kerala
സൗഹൃദങ്ങളിൽ മതം കാണരുത്, മതം കയറ്റുകയുമരുത്, ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടി ആയിരിക്കട്ടെ; കെ.പി ശശികല
Kerala

'സൗഹൃദങ്ങളിൽ മതം കാണരുത്, മതം കയറ്റുകയുമരുത്, ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടി ആയിരിക്കട്ടെ'; കെ.പി ശശികല

Web Desk
|
9 April 2021 1:34 PM GMT

വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്‌നമല്ലെന്ന് പറഞ്ഞ ശശികല്ല, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്‌കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്ന് പ്രതികരിച്ചു

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ വൈറല്‍ ഡാന്‍സിനെതിരെ വിദ്വേഷ പ്രചരണങ്ങള്‍ തുടരവെ പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ. വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്‌നമല്ലെന്ന് പറഞ്ഞ ശശികല്ല, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്‌കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്ന് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

സൗഹൃദങ്ങളില്‍ മതം കയറ്റരുതെന്നും ജാനകി മതം മാറാതെ ജാനകിയായി തന്നെ തുടരണമെന്നും ഹിന്ദുഐക്യവേദി നേതാവ് സൂചിപ്പിച്ചു. എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് കെ.പി ശശികല പുതിയ വിവാദങ്ങളില്‍ പ്രതികരിച്ചത്.

ഖുര്‍ആന്‍ വര മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുൻപ് കലിമ' ചൊല്ലിയിരുന്നു. വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാൻ വണ്ടികയറിയ ഹോമിയോ വിദ്യാർത്ഥിനി ഒതുക്കത്തോടെ' ഒതുക്കുങ്ങലിൽ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്‍റെ കഴിവിലായിരുന്നു. വർഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്‍റെ ഗീർവാണവും നമ്മൾ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളിൽ മതം കാണരുത് ഒപ്പം സൗഹൃദങ്ങളിൽ മതം കയറ്റുകയുമരുത്. ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ. മോളുടെ ചടുല ചലനങ്ങൾ സൂപ്പര്‍ എന്ന് പറയാതിരിക്കാൻ വയ്യ - മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം. നവീൻ റസാക്കും മിടുക്കൻ തന്നെ. തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയർന്ന് വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണമെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts