'നിയമ വിദഗ്‍ധരുമായി ആലോചിച്ച് തുടർ നടപടി'; ലോകായുക്ത വിധിയിൽ പ്രതികരണവുമായി ജലീൽ
|'ഹൈകോടതിയും മുൻ കേരള ഗവർണ്ണറും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി'
ബന്ധു നിയമനത്തിൽ കുറ്റക്കാരനാണെന്ന ലോകായുക്തയുടെ വിധിയിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ഹൈകോടതിയും മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്‍ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജലീൽ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ...
Posted by Dr KT Jaleel on Friday, April 9, 2021
ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ച മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നൽകിയിരുന്നത്. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീൽ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.