ബന്ധുവിനായി യോഗ്യത മാനദണ്ഡം മാറ്റാനാവശ്യപ്പെട്ടുള്ള മന്ത്രി ജലീലിന്‍റെ കത്ത് പുറത്ത്
|അദീബിന്‍റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിര്‍ദ്ദേശിക്കുന്ന ജലീലിന്‍റെ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജറുടെ യോഗ്യത മാനദണ്ഡം മാറ്റാനാവശ്യപ്പെട്ടുള്ള മന്ത്രി കെ. ടി ജലീലിന്റെ കത്ത് പുറത്ത്. ബന്ധു അദീബിനായാണ് നിയമന മാനദണ്ഡം മാറ്റിയത്. ബന്ധുവിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ജലീലിന്‍റെ നിര്‍ദേശത്തിനുള്ള തെളിവായിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്.
അദീബിന്‍റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിര്‍ദ്ദേശിക്കുന്ന ജലീലിന്‍റെ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പഴയ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. 2016 ജൂലൈ 26ൽ ജിഐഡി സെക്രട്ടറിക്കാണ് മന്ത്രി കത്ത് നൽകിയത്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 2013 ജൂൺ 29ന് ധനകാര്യ വികസന കോര്‍പ്പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ജനറൽ മാനേജറുടെ യോഗ്യത ബിടെക്കും പിജിഡിസിഎ എന്ന് മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. ബന്ധുവായ കെ.ടി. അദീബിന്‍റെ യോഗ്യതയാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശത്തിന്‍റെ അടസ്ഥാനത്തിൽ ഇത്തരത്തിൽ യോഗ്യത മാറ്റി നിശ്ചയിക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ എട്ടാം തിയതിയാണ് കൃത്യമായ യോഗ്യതയില്ലാത്ത ബന്ധുവായ കെ. ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ. ടി. ജലീലിന്‍റെ ഓഫീസ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ രാജി വെച്ച അദീബ് കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസിലെ സീനിയർ മാനേജര്‍ തസ്തികയിലേക്ക് മടങ്ങി.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്നും ലോകായുക്ത ഇന്നലെ കണ്ടെത്തിയിരുന്നു. ഇനിയൊരു 20 ദിവസത്തോളമാണ് നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളത്. അതുകൊണ്ടുതന്നെ ഈ അവസാന സമയത്ത് രാജിവെക്കണമോ എന്ന ചോദ്യം പാര്‍ട്ടിക്ക് മുന്നിലുണ്ട്. മറ്റൊന്ന് തുടര്‍ഭരണം വരികയാണെങ്കില്‍ ജലീലിനെ ഒഴിവാക്കുന്നതിലും പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിക്ക് വ്യക്തിപരമായ അടുപ്പം കെ.ടി ജലീലിനോടുണ്ട്. അതുകൊണ്ടുതന്നെ ജലീല്‍ ഇപ്പോള്‍ രാജിവെക്കുന്നത് നന്നാവും എന്ന മറ്റൊരു അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.
മന്ത്രി എ കെ ബാലൻറെ അഭിപ്രായം കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ്. കീഴ്‍ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കുന്ന കീഴ്‍വഴക്കമില്ല. ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കുന്നത് നിയമവിരുദ്ധമല്ല. ഉമ്മൻ ചാണ്ടിക്കെതിരെ ലോകായുക്തയുടെ പരാമർശം ഉണ്ടായപ്പോൾ രാജിവെച്ചിട്ടുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.. ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ ഉടൻ രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം എത്തിയിട്ടുള്ളത്. സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.