മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത
|നാദാപുരം ഡി.വൈ.എസ്.പി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും
മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത. രതീഷിന്‍റെ ശരീരത്തിൽ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. വടകര റൂറൽ എസ്.പി എ ശ്രീനിവാസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. നാദാപുരം ഡി.വൈ.എസ്.പി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.
ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി.
രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്.
വിശദ പരിശോധനയ്ക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് ശനിയാഴ്ച എത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.