വട്ടിയൂർക്കാവിൽ വോട്ടുചോർച്ചയുണ്ടോ എന്ന് അന്വേഷിക്കും: മുല്ലപ്പള്ളി
|വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നടന്നതു പോലെ എന്തെങ്കിലും നടന്നോ എന്ന് അറിയണമെന്നും മുല്ലപ്പള്ളി
വട്ടിയൂർക്കാവിൽ വോട്ടുചോർച്ചയുണ്ടായോ എന്ന് പ്രത്യേക സമിതി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജോൺസൺ എബ്രഹാം ചെയർമാനായ മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വോട്ട് ചോർച്ച അന്വേഷിക്കുന്നത്. വീണ എസ് നായരുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി.
വീണ നായരുടെ പോസ്റ്റർ വിറ്റ സംഭവം അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഗുരുതര അച്ചടക്ക ലംഘനമാണിത്. ഒറ്റപ്പെട്ട സംഭവമാണോ അതോ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. സ്ഥാനാർഥി തന്നെ പരാതി നൽകി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പരിശോധിക്കും. സമഗ്ര അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചു. സമിതി നാളെ തന്നെ അന്വേഷണം ആരംഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീണ നായർ മത്സരിച്ചതിനെതിരെ പരാതി ഉയർന്നിട്ടില്ല. കോണ്‍ഗ്രസിന്റെ എല്ലാ വോട്ടുകളും പോൾ ചെയ്തോ എന്നും സമിതി പരിശോധിക്കും. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നടന്നതു പോലെ എന്തെങ്കിലും നടന്നോ എന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിച്ചതായി സംശയിക്കുന്നില്ലെന്ന് വീണ നായര്‍ പറഞ്ഞു. ഒന്നോ രണ്ടോ പേർ തെറ്റ് ചെയ്ത് കാണും. അക്കാര്യം പാര്‍ട്ടി അന്വേഷിക്കട്ടെ. വോട്ട് മറിച്ചെന്ന ആരോപണം സിപിഎമ്മിന്റെ അജണ്ടയാണ്. ബിജെപിയാണ് ഇവിടെ ജയിക്കാന്‍ പോകുന്നത്, അതിനാല്‍ ബിജെപി ജയിക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് സിപിഎം വീടുകള്‍ കയറി പറയാറുള്ളത്. എന്നാല്‍ അത്തരം ക്യാമ്പെയിനുകളില്‍ വീണുപോകുന്നവരല്ല വട്ടിയൂര്‍ക്കാവുകാരെന്നും വീണാ നായര്‍ പറഞ്ഞു.